NRI
വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാനു ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നടപടി.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ച്ച് ഇറാനു ടോൾ നൽകുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകി.
ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് നടപടി തുടങ്ങും.യുഎസ് സേനയ്ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകൾക്കോ എതിരെ ഇറാൻ വെടിയുതിർത്താൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനും അമേരിക്കയും തമ്മിൽ ഇസ്ലാമാബാദിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടു. മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇതോടെ നേരിട്ടുള്ള ചർച്ചകൾ അവസാനിച്ചതായും വാൻസ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി പണം (ടോൾ) ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ 'പിടിച്ചുപറി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളെ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഹോർമുസ് ഉപരോധത്തിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടൻ സൂചിപ്പിച്ചു. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഫ്രാൻസും മറ്റ് 40 രാജ്യങ്ങളുമായി ചേർന്ന് വിശാലമായ സഖ്യം രൂപീകരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് നാറ്റോ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ മേഖലയിൽ വൻ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുകയാണ്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞതായി അവകാശപ്പെട്ട് അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ ഒരു കപ്പൽ പോലും ഈ പാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സൈനിക നീക്കങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നടപ്പിലാക്കുന്നതിനായി വൻ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10,000 യുഎസ് സൈനികരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷണത്തിലും സുരക്ഷയിലുമുണ്ട്. ഉപരോധം ലംഘിച്ച് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ആഗോളതലത്തിൽ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ട്.
യുഎസിന്റെ നടപടി നിരുത്തരവാദപരവും അപകടകരവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം, സ്പാനിഷ് പ്രധാനമന്ത്രി 'ബഹുധ്രുവ ലോകം' എന്ന ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത് അമേരിക്കയ്ക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ സാഹചര്യവും ഹോർമുസിലെ നിലവിലെ അവസ്ഥയും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാനാകാതെ ഇറാൻ. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും നിലവിൽ അതിന് സാധിക്കാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷം രൂക്ഷമായിരുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസിൽ സ്ഥാപിച്ച മൈനുകളാണ് ഇതിനുകാരണം. നിലവിൽ മൈനുകളുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച് ഇറാന്റെ പക്കൽ വിവരങ്ങളൊന്നുമില്ല.
സ്ഥാപിച്ച മൈനുകളിൽ പലതും സ്ഥാനം മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലായിരുന്നു സജീകരിച്ചിരുന്നത്. ഇതോടെ മൈനുകളുടെ നിലവിലെ സ്ഥാനം കണ്ടെത്തുന്നത് അസാധ്യമായി മാറിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ മൈനുകൾ പാകിയത്
കൃത്യമായ ആസൂത്രണമില്ലാതെ അശാസ്ത്രീയമായി ഇറാൻ മൈനുകൾ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തലുകൾ. ഇസ്ലാമാബാദിൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കെ മൈനുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഇറാന് തിരിച്ചടിയാണ്.
പ്രധാന പാതയിൽ മൈനുകൾ ഉള്ളതിനാൽ കപ്പലുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ ബദൽ പാതകൾ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർദേശിക്കപ്പെട്ട പുതിയ പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ നിലവിൽ അനുവാദമുള്ളൂ.
International
വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈവശം വെക്കുക എന്നതിനപ്പുറം അമേരിക്കയെ പ്രതിരോധിക്കാൻ ഇറാന്റെ പക്കൽ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു.
ലോകത്തെ എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും, അത് പ്രായോഗികമായി നടപ്പിലാക്കാൻ അവർക്ക് കഴിയില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇറാനെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
International
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഭരണകൂടം ആലോചിക്കുന്നു. ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ തന്നെ ഈ തുക ഈടാക്കാനാണ് നീക്കമെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്ത് വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ നിയന്ത്രണം കടുപ്പിക്കുന്നത് ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും കാര്യമായി ബാധിക്കും. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിൽ ഇറേനിയൻ കറൻസിയുടെ മൂല്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടോൾ റിയാലിൽ തന്നെ വാങ്ങാൻ തീരുമാനിക്കുന്നത്. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും, പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായുമാണ് ഇറാന്റെ ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാതയുടെ അറ്റകുറ്റപ്പണികൾക്കുമായി ഈ തുക വിനിയോഗിക്കുമെന്നാണ് ഇറാന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം.
International
വാഷിംഗ്ടൺ: ഹോർമുസ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
എണ്ണ വ്യാപാരം തടസപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പിന്തുണാ പ്രഖ്യാപനങ്ങൾ ഇനി പര്യാപ്തമല്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്ക് ഗതാഗതത്തെ സഹായിക്കാൻ വിശദമായ പദ്ധതികൾ അവതരിപ്പിക്കാൻ യൂറോപ്യൻ പങ്കാളികളോട് അമേരിക്ക ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുമെന്ന് യുകെ നേതൃത്വത്തിലുള്ള യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, കാനഡ എന്നിവയുൾപ്പെടെ 40ൽ അധികം രാജ്യങ്ങളുടെ സഖ്യം പറഞ്ഞിരുന്നു. 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല.
International
ടെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്ന് 24 മണിക്കൂർ തികയും മുൻപാണ് ഈ നിർണായക നീക്കം.
പാകിസ്ഥാന്റെ സഹകരണത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാത അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് നാളെയോ മറ്റന്നാളോ തുറക്കാനുള്ള നടപടികൾ ആരംഭിച്ച് ഇറാൻ. യുദ്ധത്തെതുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായിരുന്നു. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും കുറഞ്ഞിരുന്നു.
അമേരിക്കയുടെ ഇടപെടലിനെതുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് വഴി സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ ഇറാൻ നാവികസേനയുടെ അനുമതി വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്നും ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശമുള്ളതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
National
ന്യൂഡൽഹി: ഇന്ത്യൻ എൽപിജി ടാങ്കർ ‘ഗ്രീൻ സാൻവി’ ഹോർമുസ് കടലിടുക്ക് കടന്നു. യുദ്ധം ആരംഭിച്ച ശേഷം ഇത് എട്ടാമത്തെ ഇന്ത്യൻ കപ്പലാണ് ഹോർമുസ് വിജയകരമായി കടന്നത്.
46,655 മെട്രിക് ടൺ എൽപിജിയുമായാണ് ഗ്രീൻ സാൻവി ഇന്ത്യയിലേക്ക് എത്തുന്നതെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നാളെയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇനി 17 ഇന്ത്യൻ കപ്പലുകൾ കൂടിയാണുള്ളത്. ഇതിൽ എൽപിജി ടാങ്കറുകളായ ഗ്രീൻ ആശയും ജഗ് വിക്രമും ഉൾപ്പെടുന്നു. ഇവ രണ്ടും ഉടൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ നാവികസേനയുടെ അന്തിമഅനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം.
ഈ രണ്ട് എൽപിജി ടാങ്കറുകളും പെർഷ്യൻ ഗൾഫിലെ അബു മൂസ ദ്വീപിന് സമീപം വടക്കുകിഴക്കൻ മേഖലയിലാണുള്ളത്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
International
മോസ്കോ: ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങൾക്കും മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.
കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഉഷാക്കോവിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
ബെയ്ജിംഗ്: ഹോർമുസ് കടലിടുക്കിൽ സ്ഥിരത പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാവരും അതിനായി പ്രവർത്തിക്കണമെന്നും ചൈന.
ഹോർമുസിലെ വെടിനിർത്തൽ നടപ്പാക്കുകയെന്നതും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുകയെന്നതും അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിലാഷമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
ഹോർമുസിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ചൈന എല്ലാ കക്ഷികളുമായും ആശയവിനിമയവും ഏകോപനവും നിലനിർത്തുന്നുണ്ടെന്നും മാവോ നിംഗ് വ്യക്തമാക്കി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഇറാൻ. "ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടേണ്ടതില്ല" എന്ന് ഇന്ത്യയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തിവിടാൻ അനുമതിയുള്ള അഞ്ച് 'സൗഹൃദ രാഷ്ട്രങ്ങളിൽ' ഒന്നായാണ് ഇറാൻ ഇന്ത്യയെ കാണുന്നത്. ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, ഇറാഖ്, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കും ഈ ഇളവുണ്ട്.
ഇന്ത്യയുടെ എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാതെ സഞ്ചരിക്കാൻ സാധിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലി ഉറപ്പുനൽകി. ഇന്ത്യ തങ്ങളുടെ വിശ്വസ്ത പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തുമെന്നാണ് പ്രതീക്ഷ.
ഇറാനു ശത്രുതയില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽഎൻജിയുടെ 50 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണു കടന്നുപോകുന്നത്.
യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധനലഭ്യതയെ ഇതു ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ് ഇന്ത്യ.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ 'ഓപ്പറേഷൻ ഊർജ സുരക്ഷ'യുമായി ഇന്ത്യൻ നാവികസേന. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ വരുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അഞ്ചിലധികം അത്യാധുനിക യുദ്ധക്കപ്പലുകളെയാണ് നാവികസേന വിന്യസിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം എന്നിവയുടെ സംയുക്തമായ നീക്കമാണിത്.
ഇറാൻ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 20 ഊർജ വാഹക കപ്പലുകൾ ഉൾപ്പെടെ 22 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഹോർമുസ് കടലിടുക്ക് കടക്കുന്നത് വരെ കപ്പലുകൾക്ക് കൃത്യമായ റൂട്ട് നിർദേശങ്ങൾ നൽകുകയും, കടലിടുക്ക് കഴിഞ്ഞാലുടൻ ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉപയോഗിച്ച് അകമ്പടി സേവിക്കുകയും ചെയ്യുന്ന രീതിയാണ് നാവികസേന പിന്തുടരുക.
എൽപിജി വഹിച്ചുകൊണ്ടുവന്ന പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളെ നാവികസേന സുരക്ഷിതമായി കടത്തിവിട്ടു. ഇവ മാർച്ച് 26-27 തീയതികളിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തും. നേരത്തെ ഷിവാലിക്, നന്ദാദേവി എന്നീ കപ്പലുകളെയും ഇത്തരത്തിൽ സുരക്ഷിതമായി എത്തിച്ചിരുന്നു. കടലിനടിയിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ, ഹൈഡ്രോഗ്രാഫിക് ചാർട്ടുകൾ ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് കപ്പലുകളെ നയിക്കുന്നത്.
International
ദുബായ്: രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. ‘ജഗ് വസന്ത്', ‘പൈന്‍ ഗ്യാസ്' എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്.
ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് സാധാരണ കപ്പലുകള്‍ പോകാറുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇറാന് തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ ‘ഇന്ത്യന്‍ കപ്പലുകളാണെന്ന്' സിഗ്നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര.
മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ധനം നിറച്ചത്. ‘ജഗ് വസന്ത്’ കുവൈത്തില്‍ നിന്നും ‘പൈന്‍ ഗ്യാസ്’ യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു.
ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക - ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന് ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും ബാധിക്കാതെ ഗ്യാസ് എരിയുന്ന അടുക്കളയുണ്ട് ആറാട്ടുവഴിയിൽ. ആറാട്ടുവഴി സിഖ് ജംഗ്ക്ഷനു സമീപം കാർത്തികയിൽ രമേശൻ-രത്നമ്മ ദമ്പതികളുടെ വീട്ടിലാണു 2011 മുതൽ സ്വയം പര്യാപ്തമായ പ്രകൃതിവാതകം ലഭിക്കുന്നത്. ഇവിടെ 15 വർഷമായി ഗ്യാസ് സ്റ്റൗ എരിയുന്നത് ഒരു രൂപ ചെലവില്ലാതെയാണ്.
ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും കാരണം ഹോട്ടലുകൾ പൂട്ടി പല അടുക്കളകളിലും തീ അണഞ്ഞപ്പോളും ഈ വീട്ടിലെ അടുക്കളയിലെ ഗ്യാസ് അടുപ്പുകൾ തടസമില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ വീട് പണിത ശേഷം 2011 നവംബർ ഏഴിന് കുഴൽക്കിണർ കുഴിച്ചപ്പോഴായിരുന്നു ഈ സൗഭാഗ്യം രത്നമ്മയ്ക്കും കുടുംബത്തിനും ലഭിച്ചത്.
വീട്ടിൽ അഞ്ച് മീറ്റർ ആഴത്തിൽ ഒരു കുഴൽക്കിണർ ഉണ്ടായിരുന്നെങ്കിലും വരുന്നതു കലങ്ങിയ വെള്ളമായിരുന്നു. അതിനാലാണ് 20 മീറ്റർ ആഴത്തിൽ പുതിയതൊന്നു കുഴിച്ചത്. എന്നാൽ, കുഴിയിൽനിന്നു പ്രകൃതിവാതകമാണു പുറത്തേക്കുവന്നത്. പൈപ്പ് ഊരിയെടുത്ത ശേഷം വെൽഡ് ചെയ്യാൻ തീ കത്തിച്ചപ്പോൾ പെട്ടെന്നു തീ പടർന്നു. ഒരാഴ്ചയോളം ആ തീ അണഞ്ഞില്ല.
ഭൂജല വകുപ്പിൽനിന്നും എണ്ണക്കമ്പനികളിൽനിന്നുമെല്ലാം വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം ഇതു പ്രകൃതിവാതകമാണെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു. അങ്ങനെ കുഴൽ വഴി വാതകം അടുക്കളയിലേക്ക് എത്തിച്ചു. കുഴിക്കു സമീപം പുതിയൊരു അടുക്കളകെട്ടി കുഴിയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാൻ പൈപ്പിൽ റഗുലേറ്ററും സ്ഥാപിച്ചു.
അതിശക്തമായ മഴക്കാലത്തു പ്രകൃതിവാതകത്തിന്റെ അളവ് നേരിയ തോതിൽ കുറയുമെങ്കിലും മഴയുടെ ശക്തി കുറയുന്നതോടെ ഗ്യാസ് ലഭ്യതയും പൂർവസ്ഥിതി പ്രാപിക്കും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഒരു എൽപിജി സിലിണ്ടർ കരുതിവയ്ക്കുമെന്നും രത്നമ്മ പറയുന്നു. ഒരു വർഷം മുൻപെടുത്ത സിലിണ്ടർ അനങ്ങാതെ വീട്ടിലിരിപ്പുണ്ട്.
ഈ മേഖലയിൽ ഭൂഗർഭത്തിൽ പ്രകൃതിവാതകം ഉണ്ടെന്നും കുഴിച്ചപ്പോൾ ഈ വാതകം പുറത്തേക്കു വന്നതാകാമെന്നുമാണ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പറയുന്നത്.
International
ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിൽ മോദി സർക്കാരിന്റെ ഇടപെടൽ വിജയത്തിലേക്ക്. 'ശിവാലിക്', 'നന്ദാദേവി' എന്നീ എൽപിജി കപ്പലുകൾക്ക് പിന്നാലെ, 'ജഗ് ലാഡ്കി' എന്ന ഇന്ത്യൻ കപ്പലും ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലെത്തി. ശനിയാഴ്ച യുഎഇയിലെ ഫുജൈറ തുറമുഖത്ത് എണ്ണ ടെർമിനലിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റുന്നതിനിടെയാണ് ഇന്ത്യൻ പതാക വഹിച്ച ക്രൂഡ് ടാങ്കർ ജഗ് ലാഡ്കി ആക്രമിക്കപ്പെട്ടത്.
എന്നാൽ കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച രാവിലെ ജഗ് ലാഡ്കി എന്ന കപ്പലും ഫുജൈറയിൽ നിന്നും പുറപ്പെട്ടത്. ഏകദേശം 80,800 ടൺ അസംസ്കൃത എണ്ണയുമായാണ് ജഗ് ലാഡ്കി ഇന്ത്യൻ തുറമുഖത്തേയ്ക്ക് എത്തുന്നത്. കപ്പലും അതിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മസംഘർഷബാധിത മേഖലയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട നാലാമത്തെ ഇന്ത്യൻ പതാകയുള്ള കപ്പലാണ് ജഗ് ലാഡ്കി. ശനിയാഴ്ച ഇന്ത്യൻ പതാക വഹിച്ച ശിവാലിക്, നന്ദ ദേവി എന്നീ രണ്ട് കപ്പലുകളും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ കപ്പലുകളുടെ യാത്രയെ ബാധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി അദ്ദേഹം നടത്തിയ ചർച്ചകളാണ് കുടുങ്ങിക്കിടന്ന കപ്പലുകൾക്ക് വഴി തുറന്നത്. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകൾ രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇനിയും മേഖലയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകളെ കൂടി സുരക്ഷിതമായി പുറത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
National
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണടാങ്കര്‍ ഇന്ത്യയിലെത്തി.
സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുമായി ലൈബീരിയന്‍ കപ്പലായ ഷെന്‍ലോംഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടത്.
ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചെയോ കപ്പല്‍ ഹോര്‍മുസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പലില്‍ 135,335 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയാണുള്ളത്.
Editorial
യുദ്ധം മനുഷ്യരെ പിന്നോട്ടടിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്ന് പാചകവാതകം തീരുമോയെന്നു പേടിച്ചു വിറകു പെറുക്കാൻ ഇറങ്ങിയവർക്കു തോന്നുന്നുണ്ട്. വിറകടുപ്പില്ലാത്തവർക്കോ, പാചകക്കുറ്റി തീർന്നാൽ കിട്ടുമോയെന്ന ആധി.
വിതരണത്തിലെ തടസം താത്കാലികമാണെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, താത്കാലികമാണെങ്കിലും സംഗതി യാഥാർഥ്യമായി. വിതരണകേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. തടിമില്ലുകളിലെ വിറകുവിൽപനയും വർധിച്ചു. ഇന്നലെത്തന്നെ നിരവധി ഹോട്ടലുകൾ അടച്ചു.
ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ നിർദേശം നൽകിയെന്നാണ് വാർത്തകൾ. അടുത്തത് വീടുകളാകുമോ എന്ന ഭീതി നിസാരമല്ല. ഇന്ധനക്ഷാമം ഇല്ലെന്ന് പറഞ്ഞവർതന്നെ പൊടുന്നനെ പാചകവാതകത്തിനു വില കൂട്ടിയത് ദുഃസൂചനയായി.
അന്തർദേശീയ വിലയിടിവിലെ ലാഭം ജനങ്ങൾക്കു കൊടുക്കാതെ പങ്കിട്ടെടുത്ത സർക്കാരും പൊതുമേഖല-സ്വകാര്യ എണ്ണക്കന്പനികളും നഷ്ടം കൃത്യമായി ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുത്തു. പാചകവാതക വിലവർധനയിലൂടെ വരുമാനമുയർത്തി, പെട്രോൾ-ഡീസൽ വില പിടിച്ചുനിർത്താനായിരിക്കാം ശ്രമം. അതെന്തായാലും, യുദ്ധത്തിനൊപ്പം സർക്കാർ നടപടികളും ആശങ്ക വർധിപ്പിക്കുന്നതാകരുത്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതും അമിതവില ഈടാക്കുന്നതും തടയുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. പാചകവാതക ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു നിർദേശം നൽകുകയും ചെയ്തു.
പക്ഷേ, അതിനിടെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഒറ്റയടിക്കു വർധിപ്പിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് വില കുറച്ച് അസംസ്കൃത എണ്ണ വാങ്ങിയതും കരുതൽ ശേഖരം ഉണ്ടാക്കിയതും, ആഗോളവിപണിക്കനുസരിച്ച് വില കുറയ്ക്കാതിരുന്ന് എണ്ണക്കന്പനികൾക്കു വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാക്കിയതും പ്രതിസന്ധിഘട്ടങ്ങളിൽ വില വർധിപ്പിക്കാതിരിക്കാൻ സഹായകമായി.
പാചകവാതകവില വർധിപ്പിച്ചെങ്കിലും, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനും വിലക്കയറ്റം രൂക്ഷമാകാതിരിക്കാനും പെട്രോൾ, ഡീസൽ വില ഉയർത്താനിടയില്ല. ഉയർന്ന നിലയിലുള്ള നികുതി കുറച്ചും ഇന്ധനവില പിടിച്ചുനിർത്താനാകും. കരിന്പിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നതിന്റെ അളവ് അടുത്ത മാസം മുതൽ 20 ശതമാനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതു പെട്രോളിയം ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കും. പക്ഷേ, 2023നു മുന്‍പു നിർമിക്കപ്പെട്ട വാഹനങ്ങൾ എഥനോളിനുവേണ്ടി നിർമിക്കപ്പെട്ടതല്ലാത്തതിനാൽ മൈലേജിനെ ബാധിക്കും. എൻജിൻ കേടാകാതിരിക്കാൻ, എഥനോൾ ചേർക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പാചകവാതകക്ഷാമം മൂലം പല ഹോട്ടലുകളും അടച്ചു. ഉച്ചഭക്ഷണമില്ലെന്ന് ഇന്നലെ രാവിലെതന്നെ പല ഹോട്ടലുകളും അറിയിപ്പു നൽകിയിരുന്നു. ഓഫീസ്, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ ഇതു ബാധിച്ചിട്ടുണ്ട്.
പരിശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും മൂലം സമയബന്ധിതമായ പരിഹാരം ഉറപ്പാക്കാൻ സർക്കാരിനാകില്ല. അൾജീരിയ, ഓസ്ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളെ പാചകവാതകത്തിനായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത.
പക്ഷേ, കാത്തിരിക്കാനാകില്ല. പാചകവാതകത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. വിറകടുപ്പ് ഉള്ളവർക്ക് ചെറിയൊരാശ്വാസമുണ്ട്. പാചകത്തിനുള്ള സാധനങ്ങൾ ഒരുക്കിയതിനുശേഷം മാത്രം സ്റ്റൗ കത്തിക്കുക, പ്രഷർകുക്കർ ഉപയോഗിക്കുക, അടുപ്പത്തുള്ള പാത്രം മൂടിവയ്ക്കുക, ഫ്രിഡ്ജിൽനിന്നെടുക്കുന്നവ തണുപ്പു മാറിയതിനുശേഷം അടുപ്പത്തു വയ്ക്കുക, വേവിക്കാൻ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക, തിളച്ചാലുടനെ തീ കുറയ്ക്കുക, പാചകം കഴിഞ്ഞാലുടനെ സ്റ്റൗ അണയ്ക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് യുദ്ധകാലത്തും അല്ലാത്തപ്പോഴും ഇന്ധനലാഭത്തിന് സഹായകമാണ്.
ഹോർമുസിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തെന്നാണ് അമേരിക്ക പറഞ്ഞത്. സ്ഥാപിച്ച മൈനുകൾ നീക്കിയില്ലെങ്കിൽ ക്രൂര ആക്രമണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതായാലും യുദ്ധം ഹോർമുസിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇറാന്റെ ഏറ്റവും വലിയ യുദ്ധോപകരണം ഹോർമുസ് കടലിടുക്കാണ്. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും അതിലൂടെയാണ്. അവർക്കറിയാം എണ്ണയ്ക്കു തടസമുണ്ടായില്ലെങ്കിൽ, ലോകം യുദ്ധപരിഹാരത്തിന് ഇടപെടില്ലെന്ന്.
ഇപ്പോൾ അത് എല്ലാവരുടെയും ആവശ്യമായി; വീട്ടിൽ അടുപ്പ് പുകയേണ്ടതുപോലെയുള്ള ആവശ്യം. യുദ്ധം തീരുന്നത് നല്ലതാണ്. പക്ഷേ, അതിനുമുന്‍പ് പാചകവാതകം തീരുന്നത് നല്ലതല്ല. കരുതലോടെ ഉപയോഗിക്കുക. നിങ്ങൾ ഏതു പക്ഷത്താണെന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ഇത്തിരി തീയുണ്ടോ കഞ്ഞിവയ്ക്കാൻ എന്നതു മാത്രമാണ്. യുദ്ധം ഇനിയും വായിക്കപ്പെടാത്ത ഒരു പാഠപുസ്തകമാണ്.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപത്തായി ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ഒമാൻ റോയൽ നേവി ആണ് ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്ക് കപ്പലിൽ രണ്ട് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും ഒമാൻ വാർത്താ ഏജൻസി വ്യക്തമാക്കി.
International
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. എണ്ണ വിതരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് റഷ്യയുടെ സഹായ വാഗ്ദാനം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നടത്തിയ പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യത്തിന് വഴിവച്ചു.
ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതത്തിന് നിയന്ത്രണം കൂടി നിലവിൽ വന്നതോടെ ആഗോള എണ്ണവിതരണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സഹായിക്കാൻ തയാറാണെന്ന് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ 40 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ചു.
എന്നാൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ ഇന്ധനം കൈവശമുണ്ടെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്കെത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് ഗൾഫ് രാജ്യങ്ങളിലുടനീളം പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം അനശ്ചിതത്വത്തിലായിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കുറയുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലവിൽ വ്യക്തമാക്കുന്നത്. രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ 60 ശതമാനവും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെ അല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
മൂന്ന് മുതൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നേരത്തെ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ അമേരിക്കയുമായി ധാരണയായ വ്യാപാര കരാർ അനുസരിച്ച് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.